Wednesday, June 12, 2013

ഖുർ‌ആനും ഹദീസും- ജാഫർ അത്തോളിക്ക് ഒരു മറുകുറി

പ്രിയ വായനക്കാരെ,  ഒരു നീണ്ട ഇടവേളക്ക് ശേഷം സംവാദകൻ വീണ്ടും ഇടപെടുകയാണ്.. ഇത്തവണ മറ്റൊരു ബ്ലോഗ് മുഫ്തിയുടെ ബ്ലോഗ് പോസ്റ്റാണ് വിഷയം  .. അഥവാ ജാഫർ അത്തോളിയുടെ ‘വിശ്വസിക്കേണ്ട ഹദീസ് ഏത് ? ‘ എന്ന അബദ്ധജഡിലമായ  ബ്ലോഗ് പോസ്റ്റ് 

എന്താണ് ഖുർ‌ആനെന്നോ, ഹദീസെന്തെന്നോ , ഇസ്‌ലാമെന്താണെന്നോ മനസിലാക്കിയിട്ടില്ലാത്ത ഒരാളുടെ വാക്കുകളായിട്ടാണ് മനസിലാവുന്നത്. .സാധാരണക്കാരാ‍യ  മുസ്‌ലിംകൾ ഇത്തരം ദുർവ്യാഖ്യാനങ്ങളിൽ പെട്ടു പോകാതിരിക്കാൻ  അതിന്റെ സത്യാവസ്ഥ എന്താണെന്ന് വിവരിക്കാം.ഇൻശാ അല്ലാഹ് ,

‘ഹദീസ്’ എന്നത് ‘വചനം’ എന്ന് ഭാഷാർഥമുള്ള ഒരു അറബി പദമാണ്. ഇസ്‌ലാമിന്റെ സാങ്കേതിക തലത്തിലേക്ക് വരുമ്പോൾ വിവിധ അർഥങ്ങളും ഉദ്ധേശങ്ങളുമുള്ള ഒരു വാക്കാണിത്. അല്ലാഹുവിന്റെ ഹദീസിന്ന് ഖുർ‌ആൻ എന്ന് പറയുന്നു. അല്ലാഹുവിന്റെ പ്രവാചകന്റെ ഹദീസിന്ന്  ‘സുന്നത്ത് / ഹദീസ് ‘ എന്ന് പറയും. സ്വഹാബാക്കളുടേതാവുമ്പോൾ ‘അസർ’ എന്നും പറയുന്നു.

സന്ദർഭത്തിനും സാഹചര്യത്തിനുമനുസരിച്ച് പദങ്ങളുടെ ഉദ്ധേശങ്ങൾ മാറും. ഇത് ഏതൊരാൾക്കും അറിയുന്ന കാര്യമാണ്. പിതാവ് രാവിലെ എഴുന്നേറ്റ് പല്ല് തേക്കാൻ പോകുമ്പോൾ മകനോട് ‘കരി’ കൊണ്ടു വരാൻ പറഞ്ഞാൽ ഉമിക്കരിയാ‍ണുദ്ദേശിക്കുന്നതെന്ന് മകനു മനസിലാവും. അതേ സമയം വയലിലേക്ക് നിലം ഉഴുതാൻ മൂരികളേയുമായി പോകുന്ന പിതാവ് ‘കരി’ എടുക്കാൻ പറഞ്ഞാൽ മൃഗങ്ങളുടെ മേൽ കെട്ടുന്ന കരിയാണ് എടുത്ത് കൊടുക്കുക.

ഖുർആനിൽ തന്നെ ‘ഹദീസ്’ വിവിധ അർഥങ്ങളിൽ ഉപയോഗിച്ചത് കാണാം. ഉദാഹരണമായി അൽ-അൻ‌ആം സൂറത്തിലെ 69-മത്തെ ആയത്ത് നോക്കുക.  ‘ പ്രവാചകരേ, ജനങ്ങൾ നമ്മുടെ സൂക്തങ്ങളെ വിമർശിച്ചു സംസാരിക്കുന്നത് കണ്ടാൽ അവർ ആ ‘ഹദീസ്’ ഉപേക്ഷിച്ച് മറ്റു ‘ഹദീസിൽ’ മുഴുകുന്നതു വരെ അവരിൽ നിന്നും അങ്ങ് മാറി നിൽക്കുക’

വില കുറഞ്ഞ വിമർശനം നടത്തുന്നവരുടെ സംസാരത്തെപ്പോലും ഖുർ‌ആൻ ‘ഹദീസ്’ എന്നാണ് പരിചയപ്പെടുത്തിയത്.   അപ്പോൾ  അത്തോളി എഴുതിയ ‘ ഖുർ‌ആനെയാണ് ദൈവം ഹദീസ് എന്ന പദം കൊണ്ട് വിശേഷിപ്പിച്ചിട്ടുള്ളത്’ എന്നത് പൊള്ളയാണെന്ന് മനസ്സിലായല്ലോ.

ഈ ആയത്തിലുള്ള ‘ ഹദീസ്’ എന്ന പദം ഖുർ‌ആൻ എന്ന ഉദ്ദേശത്തിലല്ല. ഖുർ‌ആനെന്ന ഉദ്ധേശത്തിൽ ‘ഹദീസ്’ എന്ന പദമുപയോഗിക്കുമ്പോൾ അതിന് സാഹചര്യതെളിവുകളുമവിടെയുണ്ടാകും  അത്തോളി തന്നെ കൊടുത്ത ആയത്ത് അതിനു തെളിവാണ്.

“ഇത് അവൻ കെട്ടിച്ചമച്ചതാണെന്ന് അവർ പറയുന്നുണ്ടോ ? ഇല്ല.പിന്നെയോ, അവർ വിശ്വസിക്കുന്നില്ല. അവർ സത്യസന്ധരാ‍ണെങ്കിൽ അത് പോലുള്ള ഒരു ഹദീസ് കൊണ്ടു വരട്ടെ (52 :33 ,34)

ഇതിലെ ‘ഇത് പോലുള്ള ഹദീസ്’ എന്നതിൽ നിന്ന് വ്യക്തമാണ് ഖുർ‌ആനാണതെന്ന്.

ഈ ഖുർആനാകുന്ന ഹദീസിനെക്കുറിച്ചാണ് അല്ലാഹു വെല്ലുവിളി നടത്തിയത്. അതിൽ പെട്ട ഒരു വെല്ലുവിളി കാണൂ. ; ‘ മനുഷ്യരും ജിന്നുകളും എല്ലാം കൂടിച്ചേർന്നാലു അവർ പരസ്പരം സഹായസഹകരണങ്ങൾ ചെയ്താലും ഇതു പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാൻ സാധ്യമല്ല. (ബനു ഇസ്‌റാഈൽ 88)

ഈ വെല്ലു വിളി 1400 കൊല്ലങ്ങൾക്കിപ്പുറവും ആവർത്തിച്ച് വായിക്കപ്പെടുന്നു. ഇന്നേവരെ ഒരാൾക്കും അത് നേരിടാനോ തകർക്കാനോ സാധിച്ചില്ല. ഇനിയൊട്ട് സാധിക്കുകയുമില്ല. താങ്കൾക്കും ശ്രമിക്കാവുന്നതാണ്.

ഈ ഖുർ‌ആനാകുന്ന ഹദീസിന് തിരുനബി صلى الله عليه وسلم നൽകിയ വിശദീകരമാണ് പ്രവാചകന്റെ ‘ ഹദീസ്’ . അങ്ങിനെ ഒരു വിശദീകരണം അനിവാര്യമാണെന്ന് ഖുർ‌ആൻ വ്യക്തമാക്കിയതുമാണ്.

‘ നാം അങ്ങേക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു . അങ്ങ ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുവാൻ വേണ്ടി (സൂറത്ത് അൽ-നഹൽ -44)

സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളെ വിശദീകരിക്കാൻ പ്രത്യേക കഴിവുകളും അമാനുഷികതയും മാലാഖമാരുടെ സഹായവും നൽകി നിയോഗിച്ചവരാണ് തിരു നബി  صلى الله عليه وسلم  അവരാണ് ഓരോ വചനത്തിന്റെയും ഉദ്ദേശങ്ങൾ വിശദീകരിച്ച് തരേണ്ടത്. അറബി പഠിച്ചത് കൊണ്ട് മാത്രം ഖുർ‌ആനിനെ വിലയിരുത്താനോ അതിന്റെ ആശയങ്ങൾ മനസ്സിലാക്കാ‍നോ കഴിഞ്ഞെന്ന് വരില്ല.

അതിന്റെ ആശയം അല്ലാഹുവിൽ നിന്നും, പദങ്ങൾ തിരുനബി  صلى الله عليه وسلم യിൽ നിന്നുമാണ്. അതേ സമയം ഖുർ‌ആ‍ൻ ആശയങ്ങളും പദങ്ങളും അല്ലാഹുവിൽ നിന്നാണ്.

തിരുനബി صلى الله عليه وسلم വചനങ്ങളാകുന്ന ഹദീസുകൾ ഖുർ‌ആനിനെപ്പോലെ അമാനുഷികമാണെന്നോ ,തതുല്യ വചനങ്ങൾ ആർക്കും കൊണ്ട് വരാൻ സാധിക്കില്ലെന്നോ ഇസ്‌ലാം വാദിക്കുന്നില്ല.

അതുകൊണ്ട് തന്നെ തിരുനബി صلى الله عليه وسلم  യുടെ വിയോഗത്തിന് ശേഷം ശത്രുക്കൾ വ്യാജ ഹദീസുകൾ നിർമ്മിക്കാനും ഇസ്‌ലാമിന്റെ അഡ്രസ്സിൽ പ്രചരിപ്പിക്കാനും തുടങ്ങിയെന്നത് സത്യമാണ്. അവിടെയാണ് (തിരുനബിക്ക് ശേഷം) ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടും മൂന്നും നൂറ്റാണ്ടിലുമുള്ള വലിയ മഹാന്മാരായ ഇമാമുകൾ , ഹദീസിന് നിദാന ശാസ്ത്രമുണ്ടാക്കുകയും ഓരോ ഹദീസുകളെക്കുറിച്ചും അതിന്റെ റിപ്പോർട്ടർമാരെക്കുറിച്ചും വിശദമായി പഠിക്കുകയും  വ്യാജവും കള്ളനിർമ്മിതങ്ങളുമായ ഹദീസുകളെ മാത്രമല്ല സ്വഹീഹാണെന്ന് സംശയമുള്ളവയെപ്പോലും മാറ്റിവെച്ച് ആ രംഗത്ത് അവർ നിസ്തുല്യമായ സേവനം ചെയ്തത്. ഇനിയും പിൽകാലത്ത് ഇത്തരം വികൃതികൾ നടന്നേക്കാമെന്ന് മുൻ‌കൂട്ടി മനസിലാക്കിയാണ് മദ്‌ഹബിന്റെ ഇമാമുകളായ ഇമാം ശാഫീ‍ഇ, ഇമാം  അബൂ ഹനീഫ رحمهما الله  പോലുള്ളവർ ഇത്തരം സ്വഹീഹായ ഹദീസുകളുടെയും ഖുർ‌ആനിന്റെയും വെളിച്ചത്തിൽ ഇസ്‌ലാമിലെ കർമ്മ ശാസ്ത്ര വിധികൾ വിശദമായും വ്യക്തമായും  ക്രോഡീകരിക്കപ്പെടുകയും ചെയ്തത്. അങ്ങിനെ ഇസ്‌ലാമും അതിന്റെ പ്രമാണങ്ങളായ ഖുർ‌ആനും തിരു സുന്നത്തും ഇജ്മാ‌ഉമെല്ലാം ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അങ്ങിനെയാണ് ഇമാം ഖുഖാരിയിടെ ‘ബുഖാരി’ യും ഇമാം മുസ്‌ലിമിന്റെ ‘മുസ്‌ലിമും’ മറ്റനേകം കിതാബുകളും രചയിതമായത്.

സത്യത്തിൽ മറ്റ് ഏത് മതത്തിനാണ് ഇങ്ങനെ ഒരു ഗ്രന്ഥ ശേഖരമുള്ളത് ? ഏത് മതത്തിലാണ് അതിന്റെ പ്രചാരകരുടെ വ്യക്തമായ ചരിത്രവും അവരുടെ സ്ഥാനവും വിശദീകരിക്കുന്ന ഗ്രന്ഥങ്ങളുള്ളത് ? ഏത് മതത്തിലാണ് ലിഖിതമായ കർമ്മ ശാസ്ത്ര നിയമങ്ങളുള്ളത് ? ഇതെല്ലാം വിലയിരുത്തുമ്പോൾ  മുസ്‌ലിംകൾ അഭിമാനിക്കുകയും അല്ലാഹുവിനെ കണക്കില്ലാതെ സ്തുതിക്കുകയുമാണ് വേണ്ടത്.

ചുരുക്കത്തിൽ ഖുർ‌ആനാകുന്ന , അല്ലാഹുവിന്റെ ഹദീസ് (വചനങ്ങൾ) വള്ളി, പുള്ളി വിത്യാസമില്ലാതെയും പകരം തതുല്യമായ ഒരു സൂറത്തെങ്കിലും കൊണ്ട് വരാൻ കഴിയുമോ എന്ന വെല്ലു വിളിയോടേ ഇന്നും നിലനിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ,ആദരിക്കപ്പെടുന്ന ഒരു ഗ്രന്ഥവുമാണത്.

അതുപോലെ തിരു നബി صلى الله عليه وسلم യുടെ വചനങ്ങളും (ഹദീസ്) സ്വീകാര്യവും അസ്വീകാര്യവുമായവയെ വേർതിരിച്ച് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

സധാരണക്കാരായ നമുക്ക് മനസ്സിലാവുന്ന വിധം അവ രണ്ടുമനുസരിച്ചുള്ള വിധിവിലക്കുകൾ രേഖപ്പെടുത്തിയ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളും  മുസ്‌ലിംകളുടെ അഭിമാനമായി നിലകൊള്ളുന്നു. അവയനുസരിച്ച് മുസ്‌ലിമായി ജീവിച്ച് മുസ്‌ലിമായി മരിക്കാൻ ശ്രമിക്കുക.

പടച്ചവനായ അല്ലാഹു പറയുന്നു. ‘ നിങ്ങൾ അല്ലാഹുവിനെ കാത്ത് സൂക്ഷിക്കുകയും മുസ്‌ലിമീങ്ങളായിട്ടല്ലാതെ മരിക്കുകയുമരുത് (ആലു ഇം‌റാൻ 102)

നമ്മെ പടക്കുകയും പരിപാലിക്കുകയും നാം ജനിക്കുന്നതിനു മുമ്പ് ഒരു  പ്രതിഫലവും ആശിക്കാതെ ഓക്സിജനടക്കമുള്ള കണക്കില്ലാത്ത അനുഗ്രഹങ്ങൾ നമുക്ക് വേണ്ടി സംവിധാനിക്കുകയും ചെയ്ത കാരുണ്യവാനായ  ,എത്ര സ്തുതിച്ചാലും ,നമിച്ചാലും അവന്റെ അനുഗ്രഹങ്ങൾക്ക് പകരം നൽകാന കഴിയാത്ത അല്ലാഹുവിനെ അനുസരിച്ച് അവന്റെ മതപരമായ പരിശുദ്ധ ഇസ്‌ലാമിന്റെ സേവകനായി മാറുക. അല്ലാഹു തൌഫീഖ് നൽകട്ടെ 


2 comments:

Samvaadhakan|സം‌വാദകന്‍ said...

പ്രിയ വായനക്കാരെ, ഒരു നീണ്ട ഇടവേളക്ക് ശേഷം സംവാദകൻ വീണ്ടും ഇടപെടുകയാണ്.. ഇത്തവണ മറ്റൊരു ബ്ലോഗ് മുഫ്തിയുടെ ബ്ലോഗ് പോസ്റ്റാണ് വിഷയം .. അഥവാ ജാഫർ അത്തോളിയുടെ ‘വിശ്വസിക്കേണ്ട ഹദീസ് ഏത് ? ‘ എന്ന അബദ്ധജഡിലമായ ബ്ലോഗ് പോസ്റ്റ്
എന്താണ് ഖുർ‌ആനെന്നോ, ഹദീസെന്തെന്നോ , ഇസ്‌ലാമെന്താണെന്നോ മനസിലാക്കിയിട്ടില്ലാത്ത ഒരാളുടെ വാക്കുകളായിട്ടാണ് മനസിലാവുന്നത്. .സാധാരണക്കാരാ‍യ മുസ്‌ലിംകൾ ഇത്തരം ദുർവ്യാഖ്യാനങ്ങളിൽ പെട്ടു പോകാതിരിക്കാൻ അതിന്റെ സത്യാവസ്ഥ എന്താണെന്ന് വിവരിക്കാം.ഇൻശാ അല്ലാഹ് ,

സദ്‌വചനം said...

ചേകനൂരിന്റെ പ്രേതങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും തലപൊക്കുന്ന കാഴ്‌ച മതസംഘടനാവേദികളില്‍ ഇപ്പോള്‍ ധാരാളമായി കാണാം ..!
കുറിപ്പിന്‌ അഭിനന്ദനങ്ങള്‍ ..